മധുരിക്കും ഓര്‍മകളുമായി
‘തിരുഹൃദയ’ത്തണലില്‍
പുനഃസമാഗമം
ശതാബ്ദിക്കു ജീവകാരുണ്യ സേവനങ്ങള്‍, ഗുരുദക്ഷിണയുമായി പൂര്‍വവിദ്യാര്‍ഥികള്‍
തൃശൂര്‍: മധുരിക്കും ഓര്‍മകളുമായി ആയിരത്തോളം പേര്‍ തൃശൂരിലെ തിരുഹൃദയ
കാമ്പസില്‍ ഒത്തുചേര്‍ന്നു. വര്‍ഷങ്ങളുടേയും ദശാബ്ദങ്ങളുടേയും
ഇടവേളയ്ക്കുശേഷമുള്ള പുനഃസമാഗമം. വിശേഷങ്ങള്‍ പങ്കുവച്ചും ചങ്ങാത്തം
പുതുക്കിയും അക്ഷരമുറ്റത്തെ മദിരാശിമരത്തണലില്‍ ഒത്തുകൂടിയത് പൂര്‍വ
വിദ്യാര്‍ഥികള്‍ മാത്രമല്ല, വിരമിച്ച അധ്യാപകരും. സേക്രഡ് ഹാര്‍ട്ട്
കോണ്‍വെന്റ് സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ പൂര്‍വ
വിദ്യാര്‍ഥി സംഗമമാണ് ഇങ്ങനെയൊരു അപൂര്‍വ പുനസമാഗമത്തിന് അവസരമായത്.
ശതാബ്ദിയോടനുബന്ധിച്ച്
നിര്‍ധനരായ മൂന്നു വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു
നല്‍കാനും സ്‌കോളര്‍ഷിപ് സമ്മാനിക്കാനും രോഗികള്‍ക്കു ചികില്‍സാ സഹായം
നല്‍കാനും പരിപാടിയുണ്ട്. ജീവകാരുണ്യത്തിന്റെ ആഘോഷംകൂടിയാക്കി മാറ്റുന്ന
ശതാബ്ദി ആഘോഷം. ദക്ഷിണയായി തങ്ങളുടെ സേവനവും പിന്തുണയും വാഗ്ദാനം
ചെയ്തുകൊണ്ടാണ് എല്ലാവരും പിരിഞ്ഞത്.
പലര്‍ക്കും പഴയ ചങ്ങാതിമാരുടെ
ഫോണ്‍നമ്പര്‍ ശേഖരിക്കാനുള്ള അവസരമായിരുന്നു ഈ സംഗമം.
ചങ്ങാതിമാരുമൊന്നിച്ചും പഴയ അധ്യാപകരുമൊന്നിച്ചുമെല്ലാം സെല്‍ഫിയെടുത്തും
അവരത് ആഘോഷമാക്കി.
സ്‌കൂളങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിച്ച
പൂര്‍വവിദ്യാര്‍ഥികളെല്ലാം അധ്യാപികമാരുടെ സ്‌നഹശാസനകളേയും
ചൂരല്‍പ്രയോഗങ്ങളേയും അനുസ്മരിച്ചു. പൂര്‍വ വിദ്യാര്‍ഥിയായ റവ. ഡോ.
ഫ്രാന്‍സിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ്
മദര്‍ സുപ്പീരിയര്‍ റവ.ഡോ. റോസ് ധീര സിഎംസി അധ്യക്ഷയായി. ശതാബ്ദി ബ്രോഷര്‍
വി.എം. വിജുവിനു നല്‍കി പ്രകാശനം ചെയ്തു.
ഹയര്‍ സെക്കന്‍ഡറി
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രസന്ന, ഹൈസ്‌കൂള്‍, എല്‍പി, ഇംഗ്‌ളീഷ് മീഡിയം
സ്‌കൂളുകളുടെ ഹെഡ്മിസ്ട്രസ്മാരായ സിസ്റ്റര്‍ പവിത്ര, സിസ്റ്റര്‍
അല്‍ഫോന്‍സ, സിസ്റ്റര്‍ ഗ്രീമ, പൂര്‍വ വിദ്യാര്‍ഥികളായ സെന്റ് ജോസഫ്‌സ്
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഇസബെല്‍, ഫാ. ലിജോ ചിറ്റിലപ്പിള്ളി, ഡോ.
ലോല രാമചന്ദ്രന്‍, മുന്‍ ഹെഡ്മിസ്ട്രസുമാരായ സിസ്റ്റര്‍ ഫെലീഷ്യന്‍,
സിസ്റ്റര്‍ മെഴ്‌സീന, ആനി ജെ മണ്ടി, അധ്യാപിക അനിത തോമസ്,
മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോ ലൂയിസ്, ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഡ്വ.
സി.എ. തോമസ്, ഹയര്‍ സെക്കന്‍ഡറി പിടിഎ പ്രസിഡന്റ് ആന്റണി പെല്ലിശേരി,
ജോമോന്‍ പല്ലന്‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഓമന ജെ. മൂക്കന്‍,
വൈസ് പ്രസിഡന്റ് ലിസി ഡേവിഡ്, പിടിഎ മുന്‍ പ്രസിഡന്റുമാരായ സെബി ഇരിമ്പന്‍,
ടി.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശതാബ്ദി ആഘോഷത്തിനായി. പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.